ഡൽഹി: മുഖം ഇന്ദിരയുടേത്, ശബ്ദവും ഏകദേശം ഇന്ദിരയുടേത്. നടത്തവും ചലനങ്ങളും എല്ലാം ഇന്ദിരയുടേത് തന്നെ. ഗൗരവവും ചിരിയും തമ്മിലുള്ള കോമ്പിനേഷനിൽ ഇന്ദിരയേക്കാൾ കൂടുതലാണ്. ആർദ്രതയിൽ സോണിയാ ഗാന്ധിയേ പോലെ. പക്ഷെ ധൈര്യം അത് തുറന്നു പ്രകടിപ്പിക്കാനുള്ളത് മാത്രമല്ല പറയാനും പ്രതികരിക്കാനും കൂടിയുള്ളതാണ് എന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയെ നിരന്തരം ബിജെപി അവഹേളനപരമായി പരിഹസിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പ്രിയങ്ക പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. അന്നൊരിക്കൽ മോദിയെ കടന്നാക്രമിച്ചാണ് പ്രിയങ്ക പ്രതികരിച്ചത്. പെട്ടെന്ന് പതറിപ്പോയ മോദി, പ്രിയങ്ക തനിക്ക് മകളെപ്പോലെയാണ് എന്ന് പറഞ്ഞ് മയപ്പെടുകയായിരുന്നു. എന്നാൽ മോദിയെ വീണ്ടും ആക്രമിച്ചു കൊണ്ട് പ്രിയങ്ക പറഞ്ഞത് "തനിക്കൊരു അഛനേയുള്ളൂ, അത് രാജീവ് ഗാന്ധിയാണ്" എന്നാണ്. യഥാർത്ഥത്തിൽ ബിജെപിയുടെ പരിഹാസപദയാത്ര അവസാനിച്ചു തുടങ്ങിയത് അന്നു മുതലാണ്. പ്രിയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങരുതേയെന്നായിരുന്നു ബിജെപിയുടെ കഴിഞ്ഞ പ്രധാന പ്രാർത്ഥന. എന്നാൽ 5 വർഷം മുൻപ് ആ പ്രാർത്ഥന അവസാനിച്ചു. പിന്നീട് അവർ പ്രാർത്ഥിച്ചത് പാർലമെൻ്ററി രാഷ്ടീയത്തിൽ പ്രിയങ്ക എത്തല്ലേയെന്നായി. അതിനായി ഭർത്താവ് റോബർട്ട് വാധ്രയേ ബി ജെ പി സർക്കാരിൻ്റെ ഇഡിയും മറ്റ് അന്വേഷണ ഏജൻസികളും നിരന്തരം പിൻതുടർന്നു. സോണിയയേയും രാഹുലിനെയും കേസുകളിൽ കുടുക്കാൻ ശ്രമിച്ചു. പക്ഷെ ബിജെപിയുടെ സകല പ്രാർത്ഥനയേയും തകർത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നയിക്കാൻ തുടങ്ങി. ഒടുവിൽ ബിജെപി ഭയന്നത് സംഭവിക്കുകയാണ്. വയനാട്ടിൽ നിന്ന് പാർലമെൻറിലേക്ക് മത്സരിച്ച് പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് പ്രിയങ്ക. പരാജയപ്പെടുത്താൻ ഏതറ്റം വരെയും പോകും ബിജെപി. ഒപ്പം ബിജെപി യോട് എത്രത്തോളം വേണമെങ്കിലും സഹകരിക്കാൻ പായ വിരിച്ച് കാത്തിരിക്കുന്ന പിണറായി പാർട്ടിയും. ബലിയാടായി സത്യൻ മൊകേരി എന്ന പാവം സിപിഐ ക്കാരൻ കമ്യൂണിസ്റ്റ്. പിണറായി പാർട്ടി എന്തു വില കൊടുത്തും പ്രിയങ്കയെ പരാജയപ്പെടുത്താൻ ശ്രമിക്കും. സിപിഎമ്മിലെ പിണറായി ഗ്രൂപ്പ് മാത്രമാണ് അതിന് ശ്രമിക്കുക. അന്തസുള്ള കമ്യൂണിസ്റ്റുകൾ സത്യൻ മൊകേരിക്കോ പ്രിയങ്കയ്ക്കോ തന്നെ വോട്ടു ചെയ്യും. സിപിഐ എന്ന മികച്ച കമ്യൂണിസ്റ്റ് പാർട്ടിയെ ലാവലിന് വേണ്ടി തൃശൂരിൽ ഒറ്റിക്കൊടുത്ത് നല്ല ശീലമുള്ള പിണറായി പാർട്ടിക്ക് ബിജെപി യോടുള്ളതിനേക്കാൾ താൽപര്യം ബിജെപി യോടാണ്. കാരണം ലാവലിൻ തന്നെ. ആ പശ്ചാത്തലത്തിലാണ് കന്നിയങ്കത്തിന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് പത്രിക നൽകുന്നത്. ഈ മത്സരഫലം എന്തായാലും അത് ഇന്ത്യൻ രാഷ്ട്രീയത്തെ പുതിയൊരു ദിശയിലേക്ക് തിരിച്ചുവിടുന്നതിൻ്റെ തുടക്കമിടുന്ന മുഹൂർത്തമാണ്. പാർലമെന്ററി രംഗത്ത് രാഹുൽ ഗാന്ധിയും സംഘടനാ രംഗത്ത് പ്രിയങ്ക ഗാന്ധിയുമെന്ന ധാരണ മാറി മറിയുകയാണ്. ലോക്‌സഭയിലും നിയമസഭയിലും പ്രിയങ്കയെ മത്സരിപ്പിക്കാൻ വിവിധ പിസിസികൾ മത്സരിച്ചപ്പോഴാണ് രാഹുൽ ഗാന്ധിയുടെ പിൻഗാമിയാകാൻ പ്രിയങ്ക വയനാട് തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. നെഹ്റു കുടുംബത്തിൽ നിന്നും സോണിയ ഗാന്ധിയുടെ പിൻഗാമി രാഹുലാണോ പ്രിയങ്കയാണോ എന്ന ചോദ്യത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ആദ്യ നാളുകളിൽ ജനക്കൂട്ടത്തിൽ നിന്നും, മുതിർന്ന നേതാക്കളിൽ നിന്നും അകന്ന് നിന്നിരുന്ന രാഹുൽ, ഇന്ന് കാണുന്ന രാഹുലിലേക്ക് എത്താൻ ഏറെ പണിപ്പെടേണ്ടി വന്നു . 1998 ഇൽ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ സോണിയ ഗാന്ധി ആദ്യ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയങ്കക്ക് ഇന്നത്തെ ഇതേ ചിരി അന്നും ഉണ്ടായിരുന്നു. മോദിയെ കടന്നാക്രമിക്കുന്നത് മുതൽ എല്ലാ വിഷയത്തിലും തെളിമയുള്ള നിലപാട് പ്രിയങ്ക വ്യക്തമാക്കി. ബെല്ലാരിയിൽ സോണിയ ഗാന്ധി, സുഷമ സ്വരാജുമായി പോരാടുമ്പോൾ വിദേശ വനിതയെന്ന ആരോപണമാണ് ബിജെപി ഉയർത്തിയത്. ഇതിനു മറുപടി പറയാതെ അമ്മയെ ബെല്ലാരിക്കാരെ ഏൽപ്പിക്കുന്നു, വിജയിപ്പിക്കണം എന്നാണ് പ്രിയങ്ക ആവശ്യപ്പെട്ടത് .
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങി തളർന്നു എത്തിയ രാഹുൽ ഗാന്ധിയെ തോളിൽ കയ്യിട്ട് വസതിക്ക് ഉള്ളിലേക്ക് കൊണ്ടുപോയ പ്രിയങ്ക ഗാന്ധി കുറച്ചു നേരത്തേക് എങ്കിലും രാഹുലിന്റെ ചേച്ചിയായി മാറി. ലേഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ മകൻ കർഷകരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയപ്പോൾ കൊടുങ്കാറ്റു പോലെ പ്രിയങ്ക അവിടെയെത്തി.
നെഹ്റു പ്രധാന മന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായിരുന്നു . ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രി ആയപ്പോൾ രാജീവ് ഗാന്ധി എഐസിസി ജനറൽ സെക്രട്ടറി ആയിരുന്നു. സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയായപ്പോൾ രാഹുൽ ഗാന്ധി ഉപാധ്യക്ഷനായി. ഇപ്പോൾ പ്രതിപക്ഷ നേതാവായ രാഹുലിനു ഒപ്പം പ്രിയങ്കയും കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലുണ്ട് . മൂന്ന് വർഷം പൂർത്തിയാകുമ്പോൾ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയുകയും ഈ പദവിയിലേക്ക് പ്രിയങ്ക ഗാന്ധി എത്തുകയും ചെയുമെന്നാണ് കരുതിയിരുന്നത് . ജനങ്ങളോട് ചിരിച്ചു ഇടപെടുമ്പോഴും വീഴ്ച കാട്ടുന്ന നേതാക്കളെ മുഖത്ത് നോക്കി വിമർശിക്കാനും പ്രിയങ്ക മടി കാട്ടിയിട്ടില്ല.
2019 ലെ ലോക്‌സഭാ പരാജയം വിലയിരുത്താൻ ചേർന്ന വർക്കിങ് കമ്മിറ്റിയിൽ നേതാക്കൾക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചാണ് പ്രതികരിച്ചത് . പ്രാദേശിക നേതാക്കളെ കയറൂരി വിടുന്ന രാഹുലിൻ്റെ നയം മൂലമാണ് ഹരിയാന വിജയം കയ്യിൽ നിന്നും വഴുതിപ്പോയതെന്ന് നിരീക്ഷകർ വിലയിരുതുമ്പോൾ പ്രിയങ്ക പാർട്ടിയിൽ കേഡർ സംവിധാനത്തിലൂടെ പിടിമുറുക്കുന്ന കാഴ്ചയാണ് ഉള്ളത്. പാർട്ടിയുടെ കെട്ടുറപ്പിൻ്റെ പോരായ്മകൾ പരിഹരികുന്നതിനാണ് പ്രിയങ്ക ശ്രമിക്കുന്നത്.
Indira Priyadarshini Priyanka Vadra Gandhi welcomed. BJP started praying!